05:04am 12 November 2026
NEWS
ബസിലിക്കയിൽ രണ്ടാം ദിവസവും സഭാനുകൂലികളുടെ പ്രതിഷേധം തുടരുന്നു
11/12/2025  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബസിലിക്കയിൽ രണ്ടാം ദിവസവും സഭാനുകൂലികളുടെ  പ്രതിഷേധം തുടരുന്നു
HIGHLIGHTS

ഏകീകൃത കുർബാന ആവശ്യവുമായി എറണാകുളം സെൻറ് മേരിസ് ബസിലിക്കയ്ക്ക് അകത്ത്  രണ്ടാം ദിവസവും പ്രതിഷേധം തുടരുന്ന വിശ്വാസികൾ.

കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയ്ക്ക് അകത്ത് ബുധനാഴ്ച മുതൽ സഭാനുഭൂലികളായ വിശ്വാസികൾ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മ രണ്ടാം ദിവസവും പരിഹാരമില്ലാതെ തുടരുന്നു.വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രാർത്ഥന കൂട്ടായ്മ തുടരുമെന്ന്  ഭാരവാഹികൾ അറിയിച്ചു. ബസിലിക്കയിലെ കുർബാന സംബന്ധിച്ച തർക്ക വിഷയത്തിൽ 2024 ൽ അഡിഷണൽ മുൻസിപ് കോടതി ഉത്തരവ് നടപ്പിലാക്കുക, സഭയുടെ ആസ്ഥാന ദേവാലയത്തിൽ  ഔദ്യോഗിക കുർബാനമാത്രം നടത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.  വിശ്വാസികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് രൂപത മേലധികാരികളും നിയമപാലകരും ചേർന്ന് രേഖാമൂലം ഉറപ്പ് നൽകാതെ സമരപരിപാടികൾ അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിക്ഷേധക്കാർ.  ഇനിയും ബസിലിക്കയെ സഭാ വിരുദ്ധരുടെ താവളമാക്കാൻ അനുവദിക്കില്ലെന്നും അവർ പറയുന്നു. ബുധനാഴ്ച മുതൽ ബസിലിക്കയിലെ കുർബാനയും മറ്റ് കർമ്മങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
 അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളടക്കമുള്ളവരാണ് ദേവാലയത്തിനകത്ത് വാതിലുകൾ പൂട്ടിയ ശേഷം   പ്രാർത്ഥനകൾ നടത്തുന്നത്. ഓരോ ദിവസവും പ്രതിഷേധ പരിപാടിയിൽ സഭാ സ്നേഹികളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നുണ്ടെന്നും അതിനാൽ വരും ദിവസങ്ങളിൽ കൂട്ടായ്മ ശക്തിപ്പെടുമെന്നും ഭാരവാഹികളായ മത്തായി മുതിരേന്തി, ക്യാപ്റ്റൻ ടോം ജോസഫ്, ജോസഫ് പി. എബ്രഹാം, ജോൺസൺ കോനിക്കര, കുര്യാക്കോസ് പഴയ മഠം എന്നിവർ അറിയിച്ചു. ഇതിനിടെ ബസിലിക്ക കോമ്പൗണ്ടിനു പുറത്തുള്ള ആരാധന ചാപ്പലിൽ വികാരിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയും വൈകിട്ടും കുർബാന ഉണ്ടായിരുന്നു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img